
സംസ്ഥാനത്ത് ബിജെപി നേതാക്കളിൽ അതൃപ്തി പരക്കുന്നുവെന്ന് സൂചന. ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് മുൻ അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതോടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിക്കുള്ളിൽ നീക്കം ശക്തമായി. കേരളത്തിലെ പ്രബലരായ നേതാക്കളെ പോലും അവഗണിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനം എന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന യോഗത്തിലേക്കാണ് കെ സുരേന്ദ്രനെയും വി മുരളീധരനെയും ക്ഷണിക്കാതിരുന്നത്. യോഗത്തിൽ മുൻ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനംരാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മുതിർന്ന നേതാവ് വി മുരളീധരനും അധ്യക്ഷ ചുമതല ഒഴിഞ്ഞ കെ സുരേന്ദ്രനും യോഗത്തിൽ ക്ഷണമുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് മുൻ അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയ സംഭവം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് പരാതി. സംസ്ഥാനത്തെ ഭാരവാഹി പട്ടികയിൽ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും സൂചനയുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കം ചർച്ചചെയ്യുന്ന യോഗത്തിലേക്ക് മുതിർന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കൾ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചന. കെ സുരേന്ദ്രന്റെയും മുരളീധരന്റെയും ഗ്രൂപ്പിലുള്ള നേതാക്കളോടും സമാന സമീപനമെന്നാണ് പരാതി. എന്നാൽ തൃശ്ശൂരിൽ നടന്നത് ബിജെപി ജില്ലാ അധ്യക്ഷന്മാരുടെ റിപ്പോർട്ടിംഗ് മാത്രമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.











